About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2013/07/28

ഹരി ഓം

കഥ തുടരുന്നു...............

രാത്രിയുടെ ഇരുട്ടിലേക്ക് ഞങ്ങളെയും കൊണ്ട് നീങ്ങിയ വണ്ടി ഏകദേശം ഒരു മണിക്കൂറിനു ശേഷം മതില്‍ കെട്ടി മറച്ച ഒരു കെട്ടിടത്തിന്റെ മിന്നില്‍ നിര്‍ത്തി...പാതി മയക്കത്തില്‍നിന്നുണര്‍ന്നു ഞങ്ങള്‍ ആ കെട്ടിടത്തിന്റെ വാതില്‍ക്കലേക്ക് ആകാംഷയോടെ നോക്കി ഇരുന്നു.. ആ വാതില്‍ തുറന്നു എന്ത് അറബി അത്ഭുതം ആണ് വരാന്‍ പോകുന്നത് എന്നറിയില്ലല്ലോ..താമസിയാതെ വാതില്‍ തുറന്നു.ഉറക്കച്ചടവോടെ ദേണ്ടെ വേറെ ഒരു അറബി ചേട്ടന്‍..,,,ഡ്രൈവര്‍ ഞങ്ങളോടെ ഇറങ്ങിക്കോളാന്‍ പറഞ്ഞു..ഇപ്പൊ കണ്ട അറബി ചേട്ടന്‍ നയിക്കുന്ന ജാഥയില്‍ ഞങ്ങള്‍ അകത്തേക്ക് നടന്നു.. കൂടെ എടുത്താല്‍ പൊങ്ങാത്ത ഞങ്ങളുടെ ലഗേജും ..പിന്നെയും വാതില്‍..,, വീണ്ടും ആകാംഷയോടെ ആ വാതിലിലേക്ക് എല്ലാവരുടെയും കണ്ണുകള്‍..,, വാതില്‍ തുറന്നു.. പിന്നെയും അറബി അത്ഭുതം പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് മുന്നില്‍ ഒരു ഫിലിപ്പീനി അത്ഭുതം...കുട്ടി ഉടുപ്പിട്ട ഒരു ഫിലിപ്പീനി അമ്മച്ചി.. അങ്ങനെ ആദ്യമായി ഒരു ഫിലിപീനിയെ കണ്ടു..മതില്‍ കെട്ടി മറച്ച ആ ഹൌസിന്റെ മദര്‍ (house mother)ആണ് ആ ഫിലിപ്പീനി മദര്‍.., മദര്‍ ഞങ്ങളെ എല്ലാവരെയും അകത്തേക്ക് സ്വാഗതം ചെയ്തു..ആ ഹൌസിന്റെ സ്വീകരണമുറിയില്‍ ഇനി എന്ത് എന്ന അടുത്ത ആകാംഷയോടെ ഞങ്ങള്‍ ഇരുന്നു..മദര്‍ എന്തൊക്കെയോ പേപ്പറുകള്‍ തപ്പി പെറുക്കുകയാണ്..ഇതിന്റെ ഇടയില്‍ ഒന്ന് രണ്ടു തലകള്‍ ആ മുറിയുടെ വാതില്‍ക്കല്‍ ഒളിഞ്ഞു കളിക്കുന്നുണ്ട്..ഞങ്ങള്‍ക്ക് മുന്നേ ഈ പറഞ്ഞ ആകംഷകള്‍ എല്ലാ മറികടന്ന ഭാഗ്യവതികള്‍ ആണ് ആ തലകളുടെ ഉടമസ്ഥര്‍ . അവരെ കണ്ട പാടെ ഞങ്ങള്‍ടെ കൂട്ടത്തില്‍ ഒരാള്‍ കുടിക്കാന്‍ ഇച്ചിരി വെള്ളം ചോദിച്ചിരുന്നു..ഒന്ന് രണ്ടു കുപ്പി വെള്ളവും നാലഞ്ചു ആപ്പിളും ഓറന്ജും അവര്‍ ഞങ്ങള്ക്കായി ദാനം ചെയ്തു..വെള്ളം കുടിച്ചു ദാഹം മാറ്റുന്നതിനിടയില്‍ മദര്‍ ഓരോരുത്തരുടെയായ്‌ പേര് വിളിച്ചു തുടങ്ങി.പേരും വിവരങ്ങളും ചോദിച്ചു എഴുതുകയാണ്.പിന്നെ ഒരു പച്ച ബുക്കില്‍ നമ്മുടെ വിലപ്പെട്ട ഒപ്പും ഇടിക്കുന്നുണ്ട്.ഇവര്‍ക്കിത് നാളെ നേരം വെളുത്തു ചെയ്താ പോരെ.. ഞങ്ങള്‍ക്ക് നല്ല ദേഷ്യം വരുന്നുണ്ട്.. ഫിലിപ്പീനി മദര്‍ന് ഇത് വല്ലതും മനസിലാകുമോ.. അവര്‍ അവരുടെ ജോലി തുടര്‍ന്നു.ഒന്ന് രണ്ടു പേരുടെ ഒപ്പിടില്‍ കര്‍മം കഴിഞ്ഞപ്പോഴാണ് സംഭവം മനസിലാകുന്നത്..രാത്രി രണ്ടു മണിക്ക്  അമ്മച്ചി ഞങ്ങളെ കൊണ്ട് കോണ്‍ട്രാക്റ്റില്‍ ആണ് ഒപ്പിടിക്കുന്നത്.നേരത്തെ പറഞ്ഞ ആ പച്ച ബുക്ക്‌ ആണ് കോണ്‍ട്രാക്റ്റ്.അതില്‍ ഒരൊറ്റ അക്ഷരം ഇല്ല ഇംഗ്ലീഷ്.. നമ്മുടെ ഒപ്പ് അല്ലാതെ.മദര്‍ ചൂണ്ടി കാണിക്കുന്നിടത് ഒപ്പ് വയ്ക്കുന്നു.അത്രേ ഉള്ളു നമ്മുക്ക് കോണ്ട്രാക്റ്റ്..ഒപ്പിടില്‍ കര്‍മങ്ങള്‍ എല്ലാം കഴിഞ്ഞു ഹൌസ് മദര്‍ ഞങ്ങള്‍ക്ക് ഭാവികാര്യങ്ങളെ പറ്റി ഏകദേശരൂപരേഖ തന്നു..ഈ ഹൌസ് ഞങ്ങളുടെ താല്‍കാലിക ഹൌസ് മാത്രം ആണ്.വരും ദിവസങ്ങളില്‍ ഞങ്ങളുടെ മെഡിക്കല്‍ ഉണ്ടാകും.അതിനു ശേഷം മുധരിയായില്‍  (ministry)നിന്നും ഹൌസ് മദര്‍നു അറിയിപ്പ് കിട്ടും ഞങ്ങളുടെ പോസ്റ്റിങ്ങിന്‍റെ വിവരങ്ങളെ കുറിച്ച്.നാളെയും മറ്റെന്നാളും സൌദിയില്‍ അവധി ദിവസങ്ങള്‍ ആയതിനാല്‍ മെഡിക്കല്‍ ഉണ്ടാകുകയില്‍.,മദര്‍ കാണിച്ചു തരുന്ന മുറിക്കുള്ളില്‍ ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ ഞങ്ങള്‍ക്ക് വിശ്രമിക്കാം.
          ഞങ്ങള്‍ക്കായ്‌ അനുവദിക്കപ്പെട്ട മുറിയില്‍ ഞങ്ങള്‍ വിശ്രമം ആരംഭിച്ചു..ആഹാരം ഉറക്കം പരദൂഷണം പരിചയപ്പെടല്‍) )..,ഇതായിരുന്നു വിശ്രമത്തിന്റെ ഭാഗങ്ങള്‍.,അവധി കഴിഞ്ഞുള്ള ആദ്യത്തെ ദിവസം ഞങ്ങളില്‍ പകുതി ആളുകളെ മെഡിക്കലിനായ്‌ കൊണ്ട് പോയി.ഞങ്ങളെ കൊണ്ട് പോകുന്നത് ഹൌസ് മദര്‍ന്‍റെ സഹായി ഒരു നേപാളി സ്ത്രീ ആണ് (പേര് ഞാന്‍ മറന്നു പോയി)മെഡിക്കല്‍ കഴിഞ്ഞു തിരിച്ചു ഹോസ്റ്റെലിലേക്ക് മടങ്ങാന്‍ തുടങ്ങുകയാണ്.എവിടുന്നോ വന്ന ഒരു ഉള്‍വിളിയില്‍ ഞാന്‍ എന്റെ കഴുത്തില്‍ കയ്യോടിച്ചു.. പതിനാലു വര്‍ഷമായി എന്റെ കഴുത്തില്‍ കിടന്നിരുന്ന എന്റെ മാല കാണാനില്ല.എന്റെ മാല കാണുന്നില്ല എന്ന് കൂട്ടത്തിലുള്ളവരോട് പറഞ്ഞു..നേപാളിയെയും വിവരം അറിയിച്ചു.x ray എടുക്കാന്‍ സമയം അവിടെ ഊരി വച്ച് എടുക്കാന്‍ മറന്നതാവും.നമ്മുക്ക് പോയി അവിടെ നോക്കാം. ആരോ പറഞ്ഞു..ഞങ്ങള്‍ ഒന്ന് രണ്ടു പേര്‍ x ray departmentലേക്ക് ഓടി.അവിടെ ചെന്ന് ചേച്ചിമാരോട് കാര്യം പറഞ്ഞു.അവിടെ എല്ലാം നോക്കി.മാല അവിടെ എങ്ങും ഇല്ല.ഞങ്ങള്‍ പോയ സ്ഥലങ്ങളില്‍ ഒക്കെ നോക്കി.എങ്ങുന്നും മാല കിട്ടിയില്ല.പോയത് പോയി എന്ന് സമാധാനിക്കാന്‍ ശ്രെമിച്ചു കൊണ്ട് ഹോസ്റ്റെലിലേക്ക്  പോകാന്‍ ഇറങ്ങി.അപ്പൊ പുറകില്നിന്നു ഒരു ശബ്ദം ."മാല കിട്ടി "
ഞങ്ങള്‍ നിന്നതിനു കുറച്ചു പുറകിലായ് കോറിഡോറില്‍ തന്നെ കിടപ്പുണ്ടായിരുന്നു എന്റെ മാല.(അവള്‍ക്കങ്ങനെ എന്നെ വിട്ടു പോകാനാവില്ല.ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം അതാണെയ്).
തിരിച്ചു കിട്ടിയ മാലയുമായ് ഞങ്ങള്‍ ഹോസ്റ്റെലിലേക്ക് മടങ്ങി.അടുത്ത ദിവസം ബാക്കിയുള്ളവരുടെ മെഡിക്കല്‍ കഴിഞ്ഞു..ഇനീ  പോസ്റ്റിങ്ങിനായുള്ള കാത്തിരുപ്പ്.അടുത്ത രണ്ടു ദിവസങ്ങളിലൊന്നില്‍ ഹൌസ് മദര്‍ ഞങ്ങളെ വീണ്ടും സ്വീകരണ മുറിയിലേക്ക് വിളിപ്പിച്ചു.ഓരോരുത്തരുടെയായി പോസ്റ്റിങ്ങ്‌ ഏതു ഹോസ്പിറ്റലില്‍ ആണെന്ന് പറയുകയാണ്.ഒന്നില്‍ കൂടുതല്‍ പേര്‍ ഒരേ ഹോസ്പിറ്റലിലേക്ക് പോസ്റ്റിങ്ങ്‌ ഇട്ടിട്ടുണ്ട്.എന്റെ മാത്രം പോസ്റ്റിങ്ങ്‌ പറഞ്ഞത് ആര്‍ക്കും മനസിലായില്ല..ആ ഹോസ്പിറ്റലിന്റെ പേരും സ്ഥലവും ഇതിനു മുന്നേ പറഞ്ഞു കേട്ടിട്ടില്ല.ഞാന്‍ മദര്‍ന്റെ അടുത്ത് പോയി ചോദിച്ചു എന്റെ ഹോസ്പിറ്റലിന്റെ പേര് ഒന്ന് കൂടെ പറയാമോ..__________________ ഡിസ്പെന്‍സറി..എന്റെ തലയില്‍ നിന്ന് ഒക്കെ ചൂട് പോകുന്നത് പോലെ എനിക്ക് തോന്നി.ഏതാണ്ട് പട്ടിക്കാട്ടിലെ ഡിസ്പെന്‍സറി ആണ്.മുന്‍പു കേട്ട ഡിസ്പെന്‍സറി കഥകള്‍ അത്ര നല്ലതല്ല.വേറെ ഹോസ്പിറ്റലിലേക്ക് മാറി കിട്ടുമോ എന്ന് മദറിനോട് അന്വേഷിച്ചു.അങ്ങനെ ഒന്നും ആഗ്രഹിക്കുകയെ വേണ്ട എന്ന് അവരുടെ മറുപടിയില്‍ നിന്ന് വ്യെക്തമായി..സംഭവിക്കുന്നതെല്ലാം നല്ലതിന് ... അങ്ങനെ ആശ്വസിക്കാന്‍ ശ്രെമിച്ചു ഈ പാവം ഞാന്‍.., എങ്ങനെ ആശ്വസിക്കും ഞാന്‍.,കേട്ട കഥകള്‍ ഓര്‍ത്താല്‍ ഞാന്‍ എങ്ങനെ ആശ്വസിക്കും.വീണ്ടും ദൈവത്തോട് ദേഷ്യം തോന്നി.
(ആഗ്രഹിക്കുനത് നടക്കാത്തപ്പോള്‍ എനിക്കുണ്ടാകുന്നതാണ് ഈ ദേഷ്യം) .

          വരും ദിവസങ്ങളില്‍ ഞങ്ങളെ കൊണ്ട് പോകാന്‍ ആതാത് സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ വരും.എല്ലാവരും റെഡി ആയി ഇരിക്കുക.മദര്‍ മുന്നറിയിപ്പ് നല്‍കി..പിന്നേം കാത്തിരുപ്പ്..വാതില്‍ക്കല്‍ ബെല്ലടി ശബ്ദം കേള്‍ക്കുമ്പോള്‍ എല്ലാവരും കൂടെ ഒരു ഓട്ടം ആണ് അങ്ങോട്ട്‌..,..ആര്‍ക്കുള്ള നറുക്ക് ആണെന്ന് അറിയില്ലലോ..അങ്ങനെ വന്ന ബെല്ലടികളില്‍ ഞങ്ങളുടെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു.അവിടെ എത്തിയിട്ട് അന്ന് പന്ത്രണ്ടു ദിവസം ആകുന്നു.റൂമില്‍ ഞങ്ങളില്‍ രണ്ടു പേര് മാത്രം ..ഞാനും സുജയും..ഞങ്ങളെ ഏറ്റെടുക്കാന്‍ ആരും ഇതുവരെ വന്നില്ല..ഞങ്ങള്‍ കാത്തിരിപ്പിന്റെ വിരസതയില്‍..,,വാതില്‍ക്കല്‍ ആരോ വിളിക്കുന്നു.കൂടെ ബെല്ലടിക്കുന്നുമുണ്ട്.ഞങ്ങള്‍ എത്തി നോക്കി വാതില്‍ക്കലേക്ക്..വീണ്ടും ഒരു അറബി ചേട്ടന്‍...,, അറബിയില്‍ എന്തൊക്കെയോ ഞങ്ങളോട് പറഞ്ഞു.. എല്ലാം മനസിലായത് കൊണ്ട് ഹൌസ് മദറിനെ വിളിച്ചു കൊണ്ട് വന്നു ഞങ്ങള്‍..,, ഞങ്ങളില്‍ ആരെയോ കൊണ്ട് പോകാന്‍ ഉള്ള വണ്ടിയുടെ സാരഥി ആണ് ആ അറബി ചേട്ടന്‍..,, ടിം!! നറുക്ക് എനിക്കാണ്..പെട്ടന്നു ലഗേജു എടുത്തു അയാള്‍ടെ കൂടെ ചെല്ലാന്‍ മദര്‍ പറഞ്ഞു..സുജയോടു യാത്ര പറഞ്ഞു അറബിചേട്ടന്റെ കൂടെ ഏതോ പട്ടിക്കാട്ടിലേക്ക് ഞാന്‍ യാത്ര തുടങ്ങി..

      കേട്ടറിഞ്ഞ കഥകളിലെ അറബിച്ചേട്ടന്മാര്‍ അത്ര സല്സ്വഭാവികള്‍ അല്ല..എങ്ങോട്ടാണെന്നോ,ഇയാള്‍ ആരെന്നോ എനികറിയില്ല.അമ്മ തന്നുവിട്ട രാമായണവും ലളിതാശാസ്രനാമവും അടങ്ങുന്ന ഹാന്‍ഡ്‌ബാഗില്‍ മുറുകെ പിടിചു ഞാന്‍ ഇരുന്നു.ഈശ്വരാ ഒരാപത്തും കൂടാതെ എന്നെ എന്റെ ഡിസ്പെന്‍സറിയില്‍ എത്തിക്കണേ.. സകലദൈവങ്ങളെയും വിളിച്ചു ഞാന്‍ പ്രാര്‍ഥിച്ചു.കുറെ ദൂരം മുന്നോട്ടു പോയി ഡ്രൈവര്‍ വണ്ടി നിര്‍ത്തി എവിടേക്കോ ഇറങ്ങി പോയി.കുറച്ചു നേരം കഴിഞ്ഞു കയ്യില്‍ കുറച്ചു ഇലകളുമായ് ആയാള്‍ വന്നു.അതില്‍ കുറച്ചു ഇലകള്‍ എന്റെ നേരെ നീട്ടി.ഞാന്‍ വേണ്ട എന്നര്‍ത്ഥത്തില്‍ തല ആട്ടി.. അയാള് സമ്മതിക്കില്ല..ഞാന്‍ വാങ്ങിച്ചേ പറ്റു.കുറച്ചു ഇലകള്‍ ഞാന്‍ കയ്യില്‍ വാങ്ങി.അത് രണ്ടു കയ്യും കൊണ്ട് തിരുമ്മാന്‍ ആങ്ങ്യം കാണിച്ചു.അപ്പോള്‍ നല്ല മണം വരുമെന്നും ആന്ഗ്യതിലൂടെ എന്നോട് പറഞ്ഞു.ഇല തിരുമ്മുന്നതായ് ഞാന്‍ ആക്ടിംഗ് ചെയ്തു.സംഭവം നമ്മുടെ കാട്ടുതുളസി ആണ്.പേടിക്കേണ്ടതില്ല എന്ന് മനസ്സില്‍ ഇരുന്നു ആരോ വിളിച്ചു പറഞ്ഞു.വണ്ടി പിന്നെയും മുന്നോട്ടു.ഡ്രൈവര്‍ എന്നോട് എന്തൊക്കെയോ പറയുന്നുണ്ട്.മൊബൈലില്‍ ഒന്ന് രണ്ടു പിള്ളേരുടെ ഫോട്ടോ ഒക്കെ കാണിക്കുന്നുണ്ട്.എല്ലാത്തിനും ഞാന്‍ ചിരിച്ചു കാണിക്കും.

    കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ പുറത്തെ കാഴ്ചകള്‍ക്ക് മാറ്റം വരാന്‍ തുടങ്ങി..തീര്‍ത്തും വിജനമായ റോഡ്‌.,രണ്ടു വശത്തും കണ്ണെത്താദൂരത്തോളം പടര്‍ന്നു കിടക്കുന്ന മരുഭൂമി.എങ്ങും ഒരു മനുഷ്യജീവനെ പോലും  കാണാന്‍ ഇല്ല.ജീവിതത്തില്‍ ഞാന്‍ അത്രയും പേടിച്ചിട്ടില്ല ഒരിക്കലും.ഒരു പെണ്ണിന്റെ അരെക്ഷിതാവസ്ഥ അനുഭവിച്ചറിയുകയായിരുന്നു ഞാൻ .,ഗദാമ്മ  സിനിമ ഞാന്‍ ആ യാത്രയ്ക്ക് മുന്‍പേ കണ്ടിരുന്നുവെങ്കില്‍ ആ വണ്ടിയില്‍ വച്ച് തന്നെ പേടിച്ചു ഞാന്‍ മരിച്ചെനേം.വല്ലപ്പോഴും ഒന്നോ രണ്ടോ വാഹനങ്ങള്‍ ഞങ്ങളെ കടന്നും എതിരെയും പോകുന്നുണ്ട്.ഉറങ്ങിക്കോളാന്‍ ഒക്കെ ആ മനുഷ്യന്‍ എന്നോട് പറയുന്നുണ്ട്.പേടിച്ചു ഞാന്‍ എങ്ങനെ ഉറങ്ങും..വീട്ടിലേക്കു ഒന്ന് വിളിക്കണമെന്ന് മനസ്സില്‍ തോന്നാന്‍ തുടങ്ങിട്ട് കുറച്ചു നേരമായി..എന്റെ ഇപ്പഴത്തെ അവസ്ഥ അറിഞ്ഞാല്‍ അവര്‍ കൂടുതല്‍ പേടിക്കും എന്നതുകൊണ്ട് ആ ആഗ്രഹം ഞാന്‍ ഉപേക്ഷിച്ചു.ഒരൊറ്റ പ്രാര്‍ത്ഥന മാത്രം.എന്റെ ദേവി ആ കാട്ടുമുക്കില്‍ എനിക്ക് വേണ്ടി നീ ഒരാളെ കരുതണെ !

        ഏകദേശം രണ്ടു മണിക്കൂര്‍ കഴിഞ്ഞു വണ്ടി ഒരു ഇടവഴിയിലേക്കു തിരിഞ്ഞു.ആ വഴിയുടെ ഒരു വശത്ത് കുറെ ടയറുകള്‍ കൂട്ടി ഇട്ടിരിക്കുന്നു.പിന്നെ പൊട്ടി പൊളിഞ്ഞു കിടക്കുന്ന കുറെ കെട്ടിടങ്ങളും കാണാം അവിടെ ഇവിടെയായി..വണ്ടി ഒരു ഇരുമ്പ് ഗേറ്റ് കടന്നു നരച്ച പെയിന്റ് അടിച്ച ഒരു കെട്ടിടത്തിന്റെ പുറകു വശത്ത് നിര്‍ത്തി.ഡ്രൈവര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ആ കെട്ടിടത്തിന്റെ ഇരുമ്പു വാതിലില്‍ കയ്യ് കൊണ്ടടിച്ചു ശബ്ദം ഉണ്ടാക്കി..ഒന്ന് രണ്ടു മിനിട്ടിനുള്ളില്‍ ആ വാതില്‍ തുറന്നു.ഒരു തല മാത്രം വെളിയില്‍ കാണാം..ഒരു ചേച്ചീ.ഈശ്വരന്‍ എനിക്കായ്‌ കരുതിവച്ചിരുന്ന ആള്‍..,, എന്നോട് വണ്ടിയില്‍ നിന്ന് ഇറങ്ങി അകത്തേക് വരാന്‍ ചേച്ചീ പറഞ്ഞു..മലയാളം കേട്ടപ്പോ തന്നെ മനസിലായി ആളു തമിഴ്നാട്ടു കാരി ആണ്.ഞാന്‍ എന്റെ സ്വര്‍ഗത്തിലേക്ക് കാലെടുത്തു വച്ച്..അകത്തു കയറിയ ഉടനെ കോണിപടിയുടെ മുകളില്‍ നിന്നും വേറെ സ്ത്രീ ശബ്ദം.. ഈശ്വരന്‍ എനിക്കായ് കരുതി വച്ച രണ്ടാമത്തെ ആള്‍..,കോണി കേറി മുകളില്‍ ചെല്ലുന്നതാണ് ഹോസ്റ്റല്‍..,താഴെ കാണുന്നതാണ് ഡിസ്പെന്‍സറി..ലഗേജുകള്‍ ഒക്കെ എടുത്തു കോണി കയറി ചെന്നപോ മുന്‍പ് കേട്ട സ്ത്രീശബ്ദത്തിന്റെ ഉടമയെ കണ്ടു.ലിനസ് ചേച്ചീ! താഴെ വച്ച് കണ്ടത്  വയല  ചേച്ചീ..പൊട്ടിപോളിഞ്ഞു കിടക്കുന്ന ടെറസും കടന്നു ഹോസ്റ്റലിന്റെ ഉള്ളിലേക്ക്.. ലഗേജുകള്‍ എല്ലാം ചേച്ചിമാര്‍ ഒരു മുറിയില്‍ കൊണ്ട് വച്ചു.അകത്തേക്ക് എന്നേയും  ക്ഷണിച്ചു .

         പരിചയപ്പെടല്‍ ആഹാരം കഴിക്കല്‍ എന്നിവയ്ക്കിടയില്‍ എനിക്ക് എന്റെ സ്വര്‍ഗത്തെപറ്റിയുള്ള കാര്യങ്ങള്‍ കൂടുതല്‍ മനസിലാവുകയായിരുന്നു..ആ രണ്ടു ചേച്ചിമാരും അവിടെ താല്കാലികമായ് വന്നവരാണ്..അവിടെ അടുത്ത് തന്നെയുള്ള ഡിസ്പെന്‍സറികളിലെ സ്റ്റാഫ്‌ ആണ് അവര്‍.,, എന്റെ ഡിസ്പെന്‍സറിയുടെ പേര് "THARFIYA GARBIYA DISPENSARY".
  സ്ഥലത്തിന്റെ പേര് "അത്തര്‍ഫിയാ".ഈ ഡിസ്പെന്‍സറിയില്‍ ആകെ രണ്ടു സ്റ്റാഫ്‌...,,ഇവിടുത്തെ പഴയ രണ്ടു സ്ടാഫ്ഫും അവധിക്കു പോയിട്ട് തിരിച്ചു വന്നില്ല.അവര്‍ ഇനി വരുകയും ഇല്ല..അതിനു പകരം വന്ന പുതിയ സ്റ്റാഫ്‌ ആണ് ഈ ഞാന്‍.. ,എനിക്ക് കാര്യങ്ങള്‍ ഒക്കെ പഠിപ്പിച്ചു തന്നിട്ട് ഇപ്പൊ ഉള്ള ചേച്ചിമാര്‍ അവരുടെ സ്ഥലങ്ങളിലേക്ക് തിരിച്ചു പോകും.
വേറെ ഒരു പുതിയ സ്റ്റാഫ്‌ ഉടന്‍ തന്നെ വരും.. എന്നാണു എന്ന് മാത്രം ആര്‍ക്കും അറിയില്ല..കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും എല്ലാം കൂടെ എന്റെ തലയ്ക്കുള്ളില്‍ ആശയസംവാദത്തില്‍ ആണ്..തല്‍കാലം താമസിക്കാന്‍ എനിക്ക് ഒരു മുറി തുറന്നു കിട്ടി..തല്കാലത്തേക്ക് മാത്രം.ചേച്ചിമാര്‍ പോയ്കഴിയുംപോള്‍ ആ നല്ല മുറി എനിക്കായ്‌ ഒഴിഞ്ഞു കിട്ടും.തല്ക്കാലം കിട്ടിയ മുറിയുടെ ഒരു കോണില്‍ ഒരു കട്ടിലും ഒരു മേശയും.. അതാണ്‌ എന്റെ ലക്ഷ്മണ രേഖ  . അതിന്റെ അപ്പുറത്തേക്ക് കടന്നു കൂടാ.. പഴയ സ്റ്റാഫ്‌ ഉപേക്ഷിച്ചു പോയ സാധനങ്ങള്‍ ആണ് മുറിയുടെ ബാക്കി ഭാഗത്ത്..ആ പൊടി പിടിച്ച മുറിയില്‍ ഞാന്‍ എന്റെ ജീവിതം ആരംഭിച്ചു.. പിറ്റേന്ന് മുതല്‍ ഡ്യുട്ടിക്ക് പോയി തുടങ്ങി..ഈജിപ്‌ഷ്യന്‍ ഡോക്ടറെ പരിചയപ്പെട്ടു.. ബെങ്കാളിക്കാരന്‍ ജോസ്മിയായെ പരിചയപ്പെട്ടു.ജോസ്മിയ  ആണ് അവിടുത്തെ സ്വീപര്‍ കം അറ്റെണ്ടര്‍.,,

    തുടര്‍ന്നുള്ള ദിവസങ്ങളില്‍ വയല  ചേച്ചി സ്വന്തം സ്ഥലത്തേക്ക് തിരിച്ചു പോയി..
ഞാന്‍ പുതിയ സ്ഥലവും ഭാഷയും നിയമങ്ങളുമായ് പൊരുത്തപ്പെടാന്‍ ഉള്ള ശ്രെമത്തിലും.ഒരു വല്യ ആള്കൂട്ടത്തിന്റെ നടുവില്‍ നിന്നും ഞാന്‍ പെട്ടന്ന് ഒറ്റയ്ക്കായത് പോലെ..പല രാത്രികളിലും ഉറക്കെ കരഞ്ഞു തീര്‍ത്തിട്ടുണ്ട്..പിടിച്ചു നിന്നെ പറ്റൂ..നാട്ടില്‍ വീട് പട്ടിണികൂടാതെ കഴിയണമെങ്കില്‍ ഇതൊക്കെ സഹിച്ചേ മതിയാകു.. പെട്ടന്ന് ഒരു ദിവസം ലിനസു ചേച്ചിയും സ്വന്തം സ്ഥലത്തേക്ക് പോയി.. തീര്‍ത്തും ഞാന്‍ ഒറ്റയ്കായി ആ വല്യ കെട്ടിടത്തില്‍..,, രാത്രി ഒരു മണി ആകുമ്പോള്‍ സെക്യൂരിറ്റി  വരും.. എന്നെ ഇങ്ങോട്ടേക്ക് കൊണ്ട് വന്ന ഡ്രൈവറുടെ ഭാര്യ ആണ് സെക്യുരിറ്റി.. പേര് നൂറ... രാത്രി ഒരുമണിക്ക് വന്നു മൂന്നു മണി ആകുമ്പോള്‍ നൂറ വീട്ടിലേക്കു പോകും.. അങ്ങനെ രാവും പകലും ഞാന്‍ ഒറ്റയ്കായ്‌..,, കൃത്യ സമയത്ത് തന്നെ എന്റെ പ്രിയപ്പെട്ട മൊബൈല്‍ പണിമുടക്കിലും പ്രവേശിച്ചു. സ്വിച്ച് ഓണ്‍ ആകുന്നില്ല മൊബൈല്‍..,കയ്യില്‍ പൈസ ഇല്ല.. ഭാഷ അറിയില്ല. ആരെയേലും ഒന്ന് വിളിക്കണമെങ്കിൽ  മൊബൈല്‍ ഇല്ല..എന്ത് ചെയ്യണം ഞാന്‍..,, ഒന്നുങ്കില്‍ ഞാന്‍ ഒരു ഭ്രാന്തി ആകും.ആല്ലെങ്കില്‍ ഇതിനെ ഒക്കെ ധൈര്യത്തോടെ നേരിടണം.രണ്ടാമത്തെ ഓപ്ഷന്‍ ഞാന്‍ തിരഞ്ഞെടുത്തു.. ഉറങ്ങാതെ രാത്രി ജനലിലേക്ക് നോക്കി കിടന്നു നേരം വെളുപ്പിക്കും.. പകലിന്റെ നിശബ്ധതയുമായ് കൂട്ട്കൂടി...ഇടയ്ക്ക് ജോസ്മിയായുടെ മൊബൈലില്‍ സിം ഇട്ടു വീട്ടിലേക്കു വിളിക്കും.എന്റെ ദയനിയാവസ്ഥ കണ്ടു ജോസ്മിയ സഹായിക്കാം എന്നു പറഞ്ഞു.പൈസ കൊടുക്കുകയാണെങ്കില്‍ ആരെയ്നെകിലും കൊണ്ട് ഒരു മൊബൈല്‍ വാങ്ങിപ്പിച്ചു തരാം.ബി എല്‍ എസ് പരീക്ഷ എഴുതാന്‍ ലിന്‍സു ചേച്ചീ കടം തന്ന മൂന്നൂറു റിയാലില്‍ നിന്നും നൂറു റിയാല്‍ ജോസ്മിയായ്ക്ക് കൊടുത്തു.രണ്ടു ദിവസം കഴിഞ്ഞു ജോസ്മിയ പുതിയ ഒരു എനിക്ക് കൊണ്ട്തന്നു...
           ഏറ്റവും ഭീകരമായത് എന്റെ പാചകം ആയിരുന്നു..ഒരു ചായ പോലും ഉണ്ടാക്കാന്‍ അറിയാത്തതിന്റെ
ദൌര്‍ഭാഗ്യത്തെ ഓര്‍ത്തു ഞാന്‍ നെടുവീര്‍പെട്ടു..ഉണ്ടാക്കുന്നതൊക്കെയും വേസ്റ്റ് ബക്കറ്റില്‍ പോയ്കൊണ്ടിരിക്കുന്നു..ആപ്പിളും കുബൂസും കഴിച്ചു ദിവസങ്ങള്‍ പിന്നിട്ടു...ഒരു മാസത്തിനു ശേഷം ഇപ്പൊ കൂടെ ഉള്ള ചേച്ചീ എനിക്ക് കൂട്ടായ്‌ എത്തി...

ഇപ്പൊ വീണ്ടും ഈ റമദാന്‍കാലത്ത് ഞാന്‍ തനിച്ചാണ് ഈ കെട്ടിടത്തിനുള്ളില്‍....,,ചേച്ചീ നാട്ടില്‍ പോയിരിക്കുകയാണ്..രണ്ടു വര്ഷം മുന്‍പ് ഞാന്‍ അനുഭവിച്ച ഏകാന്തത ഇപ്പോള്‍ ഓര്മ മാത്രം.. എങ്കിലും രാത്രി കിടക്കുമ്പോള്‍ ആ ജനാലയ്ക്കലേക്ക് നോക്കുമ്പോ അന്നത്തെ രാത്രികള്‍ എനിക്ക് ഓര്‍മ വരും.. ആ ഓര്‍മകള്‍ക്ക് വേണ്ടി അടുകളയിലെ കത്തി അടുത്ത് വച്ചാണ് കിടന്നുറങ്ങുന്നത്.. പേടിചിട്ടൊന്നുമല്ല... വെറുതെ ഒരു ധൈര്യത്തിന്...........................


2013/07/27

                                           പ്രവാസം എന്ന ജീവിതം

2011 ജൂണ്‍ 21 .......ഡല്‍ഹി എയർപോർട്ടിൽ  നില്‍ക്കുമ്പോള്‍ മനസ്സില്‍ ഒരായിരം ചിന്തകളായിരുന്നു.. ഏതാനും നിമിഷത്തിനകം എയർപോർട്ടിനുള്ളിലേക്ക് പോകണം.. ഞാന്‍ അപ്പായോടു കൂടുതല്‍ ചേര്‍ന്ന് നിന്നു.ജീവിതത്തില്‍ തനിച്ചാകുന്നതിന്റെ ഭയം എന്നെ മൂടി പൊതിയുന്നുണ്ടാരുന്നു..ജെന്റു  തോമസ്‌ ചേട്ടന്‍ വന്നു പറഞ്ഞു അകത്തേക്ക് പൊയ്ക്കോളൂ.. ഇനി സമയം കളയണ്ട..അപ്പയുടെ മുഖത്തേക്ക് ഞാന്‍ സങ്കടത്തോടെ നോക്കി.അത്രയും വിഷമം ആ മുഖത്ത് ഞാന്‍ ഒരിക്കലും  കണ്ടിട്ടില്ല.പെട്ടന്ന് അപ്പായെ കെട്ടിപ്പിടിച്ചു ഒരു ഉമ്മയും കൊടുത്തു ഞാന്‍ തിരിഞ്ഞു നോക്കാതെ അകത്തേക്ക്  നടന്നു..അകത്തു കടന്നു ഗ്ലാസിലൂടെ വെളിയിലേക്ക് നോക്കി..ആളുകൾക്കിടയിൽ  അപ്പഴും എന്നെ തന്നെ നോക്കി എന്റെ അപ്പ.. എന്റെ കൂടെ രണ്ടു പേര് ഉണ്ട് .  അവര്‍ മധിനയിലേക്കാണ് .. അതില്‍ ഒരാളുടെ അങ്കിള്‍ എയർപോർട്ടിലെ തന്നെ ഓഫീസര്‍ ആണ്.. അദേഹം വന്നു ഞങ്ങളെ  കൂട്ടികൊണ്ടു പോയി എന്തൊക്കെയോ ഫോം തന്നു പൂരിപ്പിക്കാൻ .അതിന്റെ ഇടയില്‍ കയ്യിലുണ്ടാരുന്ന പൈസ മാറ്റി റിയാല്‍ വാങ്ങി.. എല്ലാം കഴിഞ്ഞു ഫ്ലൈറ്റിന്  വേണ്ടിയുള്ള കാത്തിരുപ്പ്.. എനിക്ക് മുന്നേ പോയ സുഹൃത്തുക്കൾ  പറഞ്ഞു അറിഞ്ഞ സൗദി.. മനസ്സില്‍ ഒരു ചിത്രം ഉണ്ട്.എന്നെ പോലെ കുറെ  നേഴ്സ്ന്മാർ  ഉണ്ട് സൗദിക്കു പോകാൻ .കൂടുതല്‍പേരും മധിനയ്ക്ക് ആണ്.. എന്റെ സ്ഥലത്തേക്ക് ഉള്ള ആരെയും ഞാന്‍ കണ്ടില്ല..ഫ്ലൈറ്റിനുള്ള സമയം ആയി.. ഫ്ലൈറ്റിലേക്ക് കയറാന്‍ ക്യു നില്‍ക്കുകയാണ്.. അപ്പൊ ഒരു പർദ  ഇട്ട മുഖം എന്നെ തന്നെ നോക്കുന്നു.. നല്ല പരിചയം.. എവിടെയോ ഞാന്‍ കണ്ടിട്ടുണ്ട്.. അവള്‍ എന്റെ പേര് വിളിച്ചു.. ഓര്മ ഉണ്ടോ എന്നെ എന്ന് ചോദിച്ചു. റെസലിനെ  ഓര്മ  ഉണ്ടോ? ഞാന്‍ റെസലിന്റെ പെങ്ങള്‍ റോസില ആണ്.. റെസല്‍ എന്റെ കൂടെ സ്കൂളില്‍ പഠിച്ചത് ആണ്.ഇവളും.പരിചയം ഉള്ള ഒരാളെ എങ്കിലും കണ്ടല്ലോ .. ആശ്വാസം.പക്ഷെ അവള്‍ മധീനയ്ക്ക് ആണ്.റിയാദ്  വരെ ഒരു ഫ്ലൈറ്റില്‍  ഉണ്ട്.അത്രേം സമാധാനം.ഫ്ലൈറ്റിനുള്ളില്‍ കയറി.എന്റെ സീറ്റിന്റെ അപ്പുറവും ഇപ്പുറവും രണ്ടു ചേട്ടന്മാര്‍...,എന്തായാലും അവരുടെ നടുവില്‍ ഉള്ള എന്റെ സീറ്റില്‍ ഞാനും ഇരുന്നു.ചുറ്റും ഒന്ന് നോക്കി.ഇടതു വശതൂന്നു ഒരു കിളിമൊഴി.. ആ ചേട്ടനോട് പറഞ്ഞിട്ട് ഇപ്പറത്തേക്ക് വന്നു ഇരിക്ക്..എന്റെ അടുത്തതിന്റെ ടുത്ത സീറ്റിലെ ചേച്ചി ആണ്.. എനിക്ക് സംശയം ഫ്ലൈറ്റില്‍ ഒക്കെ അങ്ങനെ സീറ്റ്‌ മാറി ഇരിക്കാന്‍ പറ്റുമോ. ചേച്ചീ പറഞ്ഞു കുഴപ്പം ഇല്ല.. പറഞ്ഞു നോക്ക് ആ ചേട്ടനോട്.അപ്പൊ ആ ചേട്ടന്‍ ഏതു  നാട്ടുകാരനാ എന്ന് അറിയില്ല.. ഞാന്‍ മലയാളത്തിൽ ചേട്ടാ എന്ന് വിളിച്ചു തുടങ്ങി.. അപ്പൊ ചേട്ടന്‍ ക്യാ എന്ന് തിരിച്ചു ചോദിച്ചു.. ഓ ഹിന്ദികാരന്‍ ആണല്ലേ.. ഹിന്ദി നമ്മുക്ക് നോ പ്രോബ്ലം..ചേട്ടനോട് അല്ല ഭൈയ്യായോടു കാര്യം പറഞ്ഞു.. പാവം ഭൈയാ പറഞ്ഞ ഉടനെ സമ്മതിച്ചു.. അങ്ങനെ ഞാനും ചേച്ചിയും അടുത്തടുത്ത്‌ ഇരുന്നു.. പറഞ്ഞു വന്നപ്പോ ചേച്ചീയും എന്റെ സ്ഥലത്തേക്കാണ്.. (ഈശ്വരനിലുള്ള എന്റെ വിശ്വാസം വീണ്ടും വീണ്ടും കൂടി).പേടിയുടെ പേമാരി പെയ്യുന്നതിന്റെ ഇടയില്‍ ആരോ സമാധാനത്തിന്റെ കുട നിവര്‍ത്തിയ പോലെ..വീണ്ടും അപ്പയുടെ മുഖം മനസ്സിലേക്ക്..ഫോണ്‍ എടുത്തു അപ്പായെ വിളിച്ചു.ഇനി എപ്പോ വിളിക്കും എന്ന് അറിയില്ലാ.. അപ്പാ ഡല്‍ഹിയില്‍ ആദ്യമായിട്ടാണ്.. എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക്  തനിയെ  പോകണം.. എനിക്ക് അതാണ്‌ പേടി..ഞാന്‍ വഴി ഒക്കെ പറഞ്ഞു കൊടുത്തു.ഫോണ്‍ കട്ട്‌ ആകി.. അപ്പാടെ കാര്യം ഓര്‍ത്തു എനിക്ക് സമാധാനിക്കാന്‍ പറ്റുന്നില്ല.. എങ്ങനെ തനിയെ പോകും. ഹോട്ടലില്‍ എത്തി എന്ന് ഞാന്‍ എങ്ങനെ അറിയും.തിരിച്ചു നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കെറ്റും  ഇല്ല.വീണ്ടും മനസ്സില്‍ പേടി.. അമ്മയെ വിളിച്ചു.. ഫ്ലൈറ്റില്‍ കയറി.അങ്ങ് ചെന്ന് വിളിക്കാം പറഞ്ഞു. അപ്പുറത്ത് അമ്മ കരയുകയാണ്.ഞാന്‍ ഫോണ്‍ കട്ട് ആക്കി  കണ്ണടച്ച്  ഇരുന്നു.എനിക്കറിയാവുന്ന  ദൈവങ്ങളെ എല്ലാം  വിളിച്ചു . എയര്‍ ഹോസ്റ്റെസ് വന്നു എന്തൊക്കെയോ പറയുന്നു.. ഫ്ലൈറ്റ് പൊങ്ങാന്‍ പോകുകയാണ് എന്ന് ചേച്ചീ പറഞ്ഞു.ഫ്ലൈറ്റ് നീങ്ങാന്‍ തുടങ്ങി.അത് പൊങ്ങി പറന്നു തുടങ്ങി.എന്റെ ചിന്തകളും.ചേച്ചീ എന്തൊക്കെയോ എന്നോട് പറയുന്നുണ്ട്..ഞാന്‍ തിരിച്ചും..എല്ലാവരും ടി വി ഓണ്‍ ആക്കാനുള്ള  ശ്രെമത്തില്‍ ആണ്..ഞാനും ഒരു ഹിന്ദി സിനിമ ഒക്കെ പ്ലേ ചെയ്തു കണ്ടോണ്ടിരികുകയാണ്.അപ്പുറത്തിരിക്കുന്ന ചേട്ടന്റെ ടി വി യില്‍ ഒന്നും വരുന്നില്ല.. എന്റെ സഹായം ചോദിച്ചു. ഞാന്‍ എന്തൊക്കെയോ ചെയ്തു എന്തായാലും സിനിമയുടെ  ലിസ്റ്റ്  വന്നു.. ചേട്ടന്‍ പറഞ്ഞ ഏതോ ഒരു സിനിമ വച്ച് കൊടുത്തു വീണ്ടും എന്റെ സിനിമയിലേക്ക്..അപപ്ഴേക്കും ആഹാരം വന്നു.. കഴിക്കാന്‍ തോന്നിയ്യില്ല.. മനസ്സ് നിറയെ അപ്പ ആണ്.. ഹോട്ടലില്‍ എത്തിയോ.വല്ലതും കഴിച്ചോ... പോകാനുള്ള ടിക്കറ്റ്‌ എന്തായി.. ഞാന്‍ കഴിച്ചില്ല.. വീണ്ടും കണ്ണടച്ച് ഇരുന്നു..അങ്ങനെ ഇരുന്നു ഉറങ്ങി പോയി.. നാല് മണിക്കൂറിനു ശേഷം റിയാദ്‌ എത്തി.. മധിനയക്ക് പോകാനുള്ളവര്‍  അവിടെ ഇറങ്ങേണ്ട .. ഈ ഫ്ലൈറ്റ് അങ്ങോട്ടേക്കു ഉള്ളതാണ്..ബാക്കി  ഉള്ളവര്‍ എല്ലാവരും ഇറങ്ങി.. ഞാന്‍ റോസിലയുടെയും എന്റെ കൂടെ  ഉണ്ടായിരുന്നവരുടേയും മുഖങ്ങൾ  സീറ്റില്‍ ഇരിക്കുന്നവരുടെഇടയില്‍ തിരഞ്ഞു .. എങ്ങും കണ്ടില്ല.. നേരത്തെ പരിചയപ്പെട്ട ചേച്ചിയുടെ  കൂടെ റിയാദ് എയർപോർട്ടിനകത്തേക്ക് . നല്ല ഭംഗി ഉള്ള എയര്‍പോര്‍ട്ട്..അത് ആസ്വദിക്കാന്‍ മനസ്സ് അനുവദിച്ചില്ല.. എങ്ങനെയും അപ്പായെ ഒന്ന് വിളിക്കണം..അതിനു മുന്നേ കുറെ കലാപരിപാടികള്‍ ഉണ്ട് ചേച്ചീ ഒര്മിപിച്ചു.. ഇമിഗ്രേഷൻ ,ലെഗേജ്  എടുക്കല്‍ അങ്ങനെ  തുടങ്ങി കുറെ പരിപാടികള്‍....,, അപ്പഴേക്കും ഗസ്സിം (എനിക്ക് പോകാനുള്ളസ്ഥലം) ലേക്ക് പോകാനുള്ള കുറെ പേരെ കണ്ടു..പിന്നെ  ഞങ്ങള്‍ ഒന്നിച്ചായ്‌ നടത്തം.. ഞങ്ങളെ നയിക്കുനത് അവധി കഴിഞ്ഞു തിരിച്ചെത്തിയ ഒരു ചേച്ചീയാണ്. ചേച്ചി പറയുന്നത് പോലെ ഒക്കെ ചെയ്തു നല്ല അനുസരണ ഉള്ള കുട്ടികളെ പോലെ ഞങ്ങള്‍ കൂടെ നടന്നു.. ലഗേജു ഒക്കെ എടുത്തു ഡോമെസ്റിക് ഫ്ലൈറ്റിന്‍റെ വെയിറ്റിംഗ് ലോബിയിലേക്ക്..അവിടെ എത്തി ലഗേജു ഒക്കെ ഒരിടത്തു വെച്ചപ്പോഴേക്കും മഞ്ഞ യൂണിഫോം ധരിച്ച ചേട്ടന്മാര്‍ സിം വേണോ സിം വേണോ ചോദിച്ചു എത്താന്‍ തുടങ്ങി.. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും നോക്കി.. അവസാനം വാങ്ങാം എന്ന് തീരുമാനം ആയി.ഒരു സിം നു ഇരുപത്തഞ്ചു റിയാല്‍.. .എനിക്ക് കിട്ടിയ സിം ന്റെ പേര് മൊബിലി..പിന്നെ ഒട്ടും താമസിചില്ല ഫോണ്‍ ഓണ്‍ ആക്കി അപ്പയെ വിളിച്ചു.. അപ്പ ഹോട്ടലില്‍ എത്തി.. ആഹാരം കഴിച്ചു.. നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ്‌ വൈകുന്നേരതേക്കു  ശെരി ആകും....
എല്ലാം കേട്ടപ്പോള്‍ പകുതി സമാധാനം ആയി.. എന്റെ വിവരങ്ങള്‍ ഒക്കെ പറഞ്ഞു പിന്നെ വിളിക്കാം പറഞ്ഞു ഫോണ്‍ കട്ട്‌ ആക്കി.. അപ്പോള്‍ സമയം ഉച്ചക്ക് രണ്ടു മണി ആയിട്ടുണ്ട്‌.. , രാത്രി എട്ടു മണിക്ക് ആണ് ഗസ്സിമിലേക്ക് ഉള്ള ഫ്ലൈറ്റ്.. ചെറുതായി വിശപ്പ്‌ തല പൊക്കി തുടങ്ങി!!കഴിക്കാന്‍ ഒന്നും കിട്ടില്ലെന് മനസിലായപ്പോ ആശാന്‍ (വിശപ്പ്‌)) ))) )പതുക്കെ ഉറങ്ങി തുടങ്ങി).രാത്രി എട്ടുമണിക്ക് വീണ്ടും ഗസ്സിമിലേക്കുള്ള ഫ്ലൈറ്റില്‍.....,, മുക്കാല്‍ മണിക്കൂറിന്നുള്ളില്‍ ഗസ്സിമില്‍ എത്തി...വീണ്ടും ആശങ്കയും പേടിയും ഒക്കെ മനസിന്നോട് സംസാരിക്കാന്‍ തുടങ്ങിയുട്ടുണ്ട്,ഇവിടുന്ന് ഇനി എങ്ങോട്ട് എന്ന് അറിയിലല്ലോ . ഫ്ലൈറ്റില്‍ നിന്നും  ഇറങ്ങി ലഗേജു എടുത്തു ഞങ്ങള്‍
exit door ന്റെ അരികിലേക്ക് നടന്നു...സത്യം പറഞ്ഞാല്‍ ഇനി എങ്ങോട്ട് പോകണം ആരേലും കൊണ്ട് പോകാന്‍ വരുമോ ഒന്നും അറിയില്ല.. രാത്രി ഒന്‍പതര സമയം ആയിട്ടുണ്ട്‌..,, ദാഹിക്കുന്നുണ്ട് ,വിശക്കുന്നുണ്ട്.ഏജന്റ് കയ്യില്‍ തന്ന വെള്ള എന്‍വലപ്പ് നെഞ്ചോടു ചേര്‍ത്ത് പിടിച്ചിട്ടുണ്ട് എല്ലാവരും.. അതില്‍ സൗദി മിനിസ്ട്രിയുടെ എംബ്ലം ഉണ്ട്.. അതാണ് ഞങ്ങളുടെ തിരിച്ചറിയല്‍ രേഖ.. അത് കണ്ടിട്ടാണ് ഞങ്ങളെ കൊണ്ട് പോകാന്‍ വരുന്നവര്‍ ഞങ്ങളെ  തിരിച്ചറിയുന്നത്‌..,, കാലാകാലങ്ങളായി നടക്കുന്ന ഒരു സമ്പ്രദായം.exit door ന്റെ അടുത്ത് കണ്ട ഒരു അറബിയോട് ഞങ്ങളില്‍ ഒരാള്‍ കാര്യം പറഞ്ഞു.ഇരിക്കാന്‍ ഉള്ള സ്ഥലം കാണിച്ചു തന്നു അവിടെ പോയി ഇരുന്നോളൂ..നിങ്ങളുടെ അധികാരികളോട് ഞങ്ങള്‍ വിവരം അറിയിച്ചോളാം എന്ന് ഉറപ്പും തന്നു..വീണ്ടും കാത്തിരിപ്പ്.എല്ലാവര്‍ക്കും വിശക്കുന്നുണ്ട് ,ദാഹിക്കുന്നുണ്ട്.. ആരോ എവിടുന്നോ ഒരു കുപ്പി വെള്ളം കൊണ്ട് വന്നു.പതിനാലു പേര്‍ക്കും ഒരിറക്ക് വെള്ളം കിട്ടി.ഗേറ്റ് കടന്നു വരുന്ന ഓരോ അറബികളെ കാണുമ്പോഴും പ്രതീക്ഷയുടെ ഒരു വെട്ടം എല്ലാവരുടെയും മുഖത്ത് മിന്നും.. ഞങ്ങളെ മൈന്‍ഡ് ചെയ്യാതെ അവര്‍ കടന്നു പോകുമ്പോ ആ വെട്ടം താനേ അണയും.. അങ്ങനെ രാത്രി പതിനൊന്നു മണിയോളം ആയി.. ഒരു അറബിചെട്ടന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.കയ്യിലുള്ള എന്‍വലപ്പ് മേടിച്ചു പരിശോധിച്ചു ഞങ്ങളില്‍ രണ്ടു പേര് മാത്രം അയാളുടെ കൂടെ ചെല്ലാന്‍ പറഞ്ഞു.ആ അറബി ചേട്ടന്‍ കിംഗ്‌ ഫഹദ്‌ ഹോസ്പിറ്റലിലെ ഡ്രൈവര്‍ ആണ്.ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള രണ്ടു പേര്‍ക്ക് മാത്രമേ അവിടെ പോസ്റ്റിംഗ് ഉള്ളു.അവരെ മാത്രമേ ആ വണ്ടിയില്‍ കൊണ്ട് പോകു.. അങ്ങനെ അവര് പോയി ആ അറബിചെട്ടന്റെ കൂടെ .ബാക്കി ഉള്ളവര്‍ വീണ്ടും കാത്തിരിപ്പിന്റെ മയക്കത്തിലേക്കും.ഏകദേശം പന്ത്രണ്ടര ആയപ്പോള്‍ വേറെ ഒരു അറബി ചേട്ടന്‍ ഞങ്ങളുടെ അടുത്തേക്ക് വന്നു.. എല്ലാവരുടെയും കയ്യിലെ എന്‍വലപ്പ് വാങ്ങി പരിശോധിച്ചു..exit door  ന്റെ അടുത്ത് കണ്ട അറബി ചേട്ടനോട് എന്തോ സംസാരിച്ചു.. എല്ലാവരും ചെന്ന് പുറത്തു കാണുന്ന വണ്ടിയില്‍ കയറാന്‍ പറഞ്ഞു.. ആശ്വാസം എല്ലാവരും ഒന്നിച്ചാണല്ലോ.. അങ്ങനെ സൗദി മണ്ണില്‍ കാലു കുത്തി ആ വണ്ടിയില്‍ കയറി.. എനിക്ക് കിട്ടിയ സൈഡ് സീറ്റില്‍ ഇരുന്നു പുറംകാഴ്ചകളിലേക്ക് എത്തി നോക്കി ഞാന്‍ , എല്ലാവരും ക്ഷീണിച്ചു അവശരായി മിണ്ടാതെ ഇരിക്കുകയാണ്.. പുറത്തെ ആകാശത്ത് അറബി നക്ഷത്രങ്ങള്‍ അറബി അമ്പിളി മാമന്‍,എല്ലാം അറബികള്‍.,നമ്മുടെ ചിന്തകള്‍ പോലും പര്‍ദ ഇട്ടാണ് വരുന്നത്.. പര്‍ദ ഇട്ട ചിന്തകള്‍ എന്നെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി.. അപ്പയുടെ അടുത്തേക്ക്.വീട്ടിലേക്കു ,ഇനിയും എന്തെന്നുള്ള ആശങ്കയിലേക്ക്....
രാത്രിയുടെ ഇരുട്ടിലേക്ക് ആ വണ്ടി ഞങ്ങളെയും കൊണ്ട് നീങ്ങുകയാണ്.. ഈ രാത്രി ഈ മാരുഭൂമി ഇനി ഞങ്ങള്‍ക്ക് ഒരുക്കി വച്ചിരിക്കുന്ന കാഴ്ചകള്‍ എന്തെന്ന് അറിയാതെ ഞങ്ങളും..............................


                                                                                                                കഥ തുടരും





2013/03/05

കാലത്തിനൊപ്പം മുന്നോട്ടു നടക്കുമ്പോഴും ഓര്‍മ്മകള്‍ 
പിന്നോട്ടെക്ക് മാത്രം











photo courtesy:http://kuttamaniyudelokam.files.wordpress.com/2012/07/kuyiyana.jpg

2013/02/21

പ്രണയം പ്രളയമായ്‌ പൊട്ടിപുറപ്പെട്ടപ്പോള്‍ ഒഴുക്കില്‍ പെട്ടെന്റെ ചിന്തകള്‍ ഏതോ പൊന്തയ്ക്കുള്ളില്‍ ഒളിച്ചു.

2013/01/18

നിന്റെ സ്നേഹത്തിന്റെ ഭിക്ഷാപാത്രം നിന്നിലേക്ക് തന്നെ നീട്ടുക.
സ്നേഹത്തിന്‍ നാണയ തുട്ടുകള്‍ നീ സ്വയം പെറുക്കി ഇടുക
മതിയാവോളം സ്നേഹിക്കുക നീ നിന്നെ തന്നെ
ഒടുവില്‍ മൃതിയുടെ സ്വച്ചന്ധമായ മാറില്‍ സുഖമായ്‌ ഉറങ്ങുക
ആര്‍ക്കും സ്നേഹത്തിന്‍ കണക്ക് പുസ്തകം കാട്ടി ഭയപെടുത്താന്‍ 
അവസരമേകാതെ............... 

2013/01/11

ഒഴുകുകയാണെന്റെ തോണി 
ദിശ അറിയാതെ ഞാന്‍ ഒഴുക്കിയോരെന്‍ കടലാസ്സു തോണി.
സ്വപ്നങ്ങളുടെ ഭാരം താങ്ങാനാവാതെ പലകുറി മറിയാനോരുങ്ങി
സമയം തെറ്റി എത്തുന്ന ഏതോ കാറ്റില്‍ ആടി ഉലഞ്ഞു
പങ്കായം ഇല്ലാതെ ഓളങ്ങളില്‍ നീങ്ങുകയാണ് ഇന്നുമെന്റെ തോണി
ദൂരെ ഏതോ തീരം തേടി...
https://fbcdn-sphotos-d-a.akamaihd.net/hphotos-ak-snc7/4