About Me

My photo
ഞാന്‍ ആദിത്യ........ആദി എന്ന് വിളിക്കുന്നതാണ് എനിക്കിഷ്ട്ടം......മനസ്സില്‍ തോന്നുന്നത് എഴുതുക എന്നത് എന്‍റെ ദുശീലമാണ്....എന്റെ സ്വപ്‌നങ്ങള്‍ ദുഃഖങ്ങള്‍ സന്തോഷങ്ങള്‍ നഷ്ടങ്ങള്‍ ഇതൊക്കെ അക്ഷരങ്ങളായി ഇനി ഈ മേചില്പുറത്തു.......

2012/03/22

ഒരു നോട്ടം.....


      സാഹിത്യത്തിന്‍റെ ഭംഗി അക്ഷരങ്ങളിലേക്ക് പകര്‍ത്താന്‍ എനിക്ക് കഴിയില്ല  എന്ന സത്യത്തെ മനസിലാക്കികൊണ്ട് ഞാന്‍ ഒരു കഥ പറയാന്‍ ശ്രമിക്കുകയാണ്..സ്വാഗത പ്രസംഗം പോലെ ദീര്‍ഘിപ്പിക്കുന്നില്ല...കഥയിലേക്ക് കടക്കാം.

            മധുരിക്കും ഓര്‍മകളെ...മലര്‍ മഞ്ചം കൊണ്ടു വരൂ .കൊണ്ടു പോകൂ ഞങ്ങളെ ആ  മാഞ്ചുവട്ടില്‍ എന്ന്‍ പറയാന്‍ മാഞ്ചുവടില്ലാത്ത ഒരു സ്കൂള്‍....  അവിടെ ഹൈസ്കൂള്‍, കൃത്യമായി പറഞ്ഞാല്‍ എട്ടാം ക്ലാസ്സിലേക്ക്  കാലെടുത്തു വയ്ക്കാന്‍  പോകുന്ന ഒരു പാവം (ഭയങ്കര പാവം)പെണ്‍കുട്ടി. എന്താ ഒരു സംശയം? അവള്‍ പാവമായിരുന്നു....സ്കൂള്‍ തുറന്ന ദിവസം അവള്‍ക്ക് ക്ലാസ്സില്‍ പോകാന്‍ കഴിഞ്ഞില്ല.കാരണം മറ്റൊന്നുമല്ല ചൊവ്വാഴ്ച  ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല എന്ന അന്ധമല്ലാത്ത വിശ്വാസം കൊണ്ടാണ്.അങ്ങനെ ശുഭമായ ബുധനാഴ്ച അവള്‍ മിടിക്കുന്നഹൃദയവുമായി ക്ലാസ്സിലെത്തി.പുതിയ സ്കൂള്‍... പുതിയ ക്ലാസ്സ്‌ മുറി... പുതിയ അദ്ധ്യാപകര്‍ . കുട്ടികളില്‍ മുക്കാല്‍ ഭാഗവും KG ക്ലാസ്സ്‌ മുതല്‍ കൂടെ പഠിച്ചവര്‍ തന്നെയാണ്.പക്ഷെ അവള്‍ക്കു സങ്കടം ആണ് തോന്നിയത്‌. അവളുടെ പ്രിയ കൂട്ടുകാരികളെല്ലാം അപ്പുറത്തെ ക്ലാസ്സില്‍ ആണ്.അവളുടെ ക്ലാസ്സില്‍ ഉള്ള പരിചിത മുഖങ്ങളോടൊന്നും  അവള്‍ മിണ്ടിയിട്ടും ഇല്ല ഇതുവരെ.എങ്കിലും അനിവാര്യമായ ആ മാറ്റവുമായി അവള്‍ പൊരുത്തപെടുകയായിരുന്നു.

           പരിചയപ്പെടലുകളുടെ ദിനങ്ങള്‍ അവസാനിച്ചു.ക്ലാസുകള്‍ ആരംഭിച്ചു  .പഠിപ്പിക്കുന്ന  അദ്ധ്യാപകര്‍ തൊട്ട് എല്ലാം അവള്‍ക്ക് പുതുമ ആയിരുന്നു.അവളെ ഏറെ ആകര്‍ഷിച്ചത് തൊട്ടടുത്ത നോട്ട്ബുക്കിലെ കൈയ്യക്ഷരമാണ്.വടിവൊത്ത നല്ല ഭംഗിയുള്ള അക്ഷരങ്ങള്‍ . .ആ അക്ഷരങ്ങളോട് ഒരു ഇഷ്ട്ടവും അതിന്‍റെ  ഉടമയോട് ഇച്ചിരി (ഇചിരിയെ ഉള്ളേ) കുശുമ്പും.അതിന്റെ പ്രചോദനത്തില്‍ തന്‍റെ  കൈയ്യക്ഷരവും നന്നാക്കുവാന്‍ അവള്‍ ശ്രമം തുടങ്ങി..അതൊരു വന്‍വിജയമായിരുന്നു...ഇന്ന് അവളുടെ കൈയ്യക്ഷരം അഭിനന്ദനങ്ങള്‍ക്ക് പാത്രമാകുമ്പോള്‍ അവള്‍ ആ കൂട്ടുകാരിയെയും ആ അക്ഷരങ്ങളെയും ഓര്‍മ്മിക്കാറുണ്ട്.അവള്‍ക്കു ഒരു നന്ദി പ്രകാശനം നടത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല .അതവിടെ നില്കട്ടെ..ഇനിയും സമയം ഉണ്ട്.ഞാന്‍ എന്‍റെ  കഥയിലേക്ക്‌ കടക്കട്ടെ.
     
         അവളുടെ ക്ലാസ് റൂം.ആ മുറിയുടെ ജനലിലൂടെ നോക്കിയാല്‍ സൈഡിലുള്ള റോഡും മറുവശത്തെ ഗ്രൌണ്ടും കാണാന്‍ പറ്റുമായിരുന്നു.ഉച്ചഭക്ഷണത്തിന് ശേഷം ആ ജനലിലൂടെ പുറംകാഴ്ചകള്‍ കാണുന്നത് അവള്‍ക്കു ഭയങ്കര ഇഷ്ട്ടമായിരുന്നു.പ്രകൃതി ഭംഗി അപ്പാടെ കണ്ണുകളില്‍ നിറയ്ക്കാന്‍ ഒന്നുമല്ല.ആ നില്‍പ്പില്‍ ആണ് അവള്‍ വായ്നോട്ടത്തിന്റെ ഹരിശ്രീ കുറിച്ചത്.റോഡില്‍ കൂടെ പോകുന്ന ചെക്കന്മാരെ, ഗ്രൗണ്ടില്‍ കളിക്കുന്നവരെ ഒക്കെ നന്നായി കാണാം അവിടെ നിന്നാല്‍ ..  ഇങ്ങനെ ഉള്ള ഒരു നില്പ്പിലാണ് ക്ലാസ്സിലെ ഒരു ആണ്‍കുട്ടിയുടെ മുഖത്ത് അവളുടെ കണ്ണുകള്‍ ഉടക്കിയത് .എന്തോ ആദ്യ നോട്ടത്തില്‍ തന്നെ അവനോടെ അവള്‍ക്കു ഒരു ഇഷ്ട്ടം തോന്നി..ആ ഇഷ്ട്ടത്തിന്റെ പ്രേരണയില്‍ അവള്‍ അവനെ വീണ്ടും നോക്കി.പിന്നെ അത് ഒരു ശീലമാക്കി.അവന്‍ പോലും അറിയാതെ അവളുടെ നോട്ടം അവനില്‍ പതിയാന്‍ തുടങ്ങി.പക്ഷെ ഒരു തവണപോലും അവന്‍ അവളെ നോക്കിയില്ല. നോക്കി നോക്കി എട്ടാം ക്ലാസ്‌ കഴിഞ്ഞു.ഇനി ഒന്‍പതാം  ക്ലാസിലെ നോട്ടം.അല്ല ഒന്‍പതാം  ക്ലാസിലെ പഠിത്തം......
          അവള്‍ ഇപ്പോഴും നോട്ടം തുടരുകയാണ്.പാവം പെങ്കൊച്ച്.അങ്ങനെ ഇരിക്കുമ്പോ ഒരു ഉച്ചയ്ക്ക് അവളോടു  ഒരു കൂട്ടുകാരി പറഞ്ഞു .."എടീ അവന്‍ നിന്നെ തന്നെ നോക്കി നില്‍ക്കുവായിരുന്നു" എന്ന്.പോരേ അവള്‍ക്കു.അവളുടെ മനസ് സന്തോഷത്തിന്‍റെ കൊടുമുടിയില്‍ എത്തി. പിന്നെ ഒരു നിമിഷവും അവള്‍ പാഴാക്കിയില്ല..അവന്റെ നോട്ടത്തെ നേരിട്ട് ഏറ്റുവാങ്ങുവാനായി അവള്‍ അവളുടെ കണ്ണുകളെ കാത്തിരിപ്പിന്റെ തട്ടം അണിയിച്ചു.നിരാശ ആയിരുന്നു ഫലം.തട്ടം അണിയിച്ച കണ്ണുമായി അവള്‍ ഒന്‍പതാം ക്ലാസ്‌ കടന്നു പത്താം ക്ലാസ്‌  എത്തി.
            ഇനി അവളുടെ ചില സന്തോഷങ്ങളെ പറ്റി പറയാം..സന്തോഷം നമ്പര്‍ ഒന്ന്:പഴയ കൂടുകാരികള്‍ എല്ലാം വീണ്ടും ഒരേ ക്ലാസില്‍ ഒന്നിച്ചു ഒരേ ബെഞ്ചില്‍....,സന്തോഷം നമ്പര്‍ രണ്ടു:പത്താം ക്ലാസ്‌ അല്ലെ ഒറ്റയ്ക്കുള്ള പഠിത്തം ശേരി ആകില്ല എന്ന ഉദ്ദേശ്യത്തില്‍ വീട്ടുകാര്‍ അവളെ ട്ട്യുഷന്‍ ക്ലാസിനു ചേര്‍ത്തു.ഇതില്‍ എന്താ സന്തോഷം  എന്നല്ലേ....അവിടെ തന്നെയാ അവളുടെ അവനും ട്യുഷന്‍ പഠിക്കുന്നെ....ട്യുഷന് ക്ലാസില്‍ എത്താന്‍ രാവിലെ ഏഴുമണിയാകുമ്പോള്‍ വീട്ടില്‍ നിന്ന് ഇറങ്ങും.ഏഴേകാലിനാണ് ട്യുഷന്‍ തുടങ്ങുക.ആഘോഷമായിട്ടാണ്  നായികയുടെയും  സംഘത്തിന്റെയും ട്യുഷന്‍ ക്ലാസിലേക്കുള്ള യാത്ര..സ്കൂളിന്റെ തന്നെ ഗ്രൗണ്ടില്‍ കൂടി ഒരു ഷോര്‍ട്ട് കട്ട്‌ ഇടവഴി ഉണ്ട്..അതാണ് അവരുടെ യാത്ര മാര്‍ഗം...സ്കൂള്‍ ഗ്രൌണ്ടിന്റെ ഒരു സൈഡില്‍ ഒരു പഞ്ച പാവം മഞ്ചാടി മരം ഉണ്ട്..നായികയുടെയും കൂട്ടുകാരുടെയും വഴി മഞ്ഞാടി കുരുക്കളാല്‍ അലങ്കരിച്ചിരുന്നു അവള്‍... ,പെട്ടന്നൊരു ദിവസം മുതല്‍ ഈ ട്യുഷന്‍ സംഘം മല്‍സര ബുദ്ധിയോടെ മഞ്ഞാടി കുരുക്കള്‍ പെറുക്കി ശേഖരിക്കുവാന്‍ തുടങ്ങി....നായിക എന്നത്തേയും കളക്ഷന്‍ ഒരു നീണ്ട കുപ്പിയിലിട്ടു സൂക്ഷിക്കുകയും ചെയ്തു പോന്നു....(ഇന്നും അത് അവള്‍ ഒരു നിധി പോലെ ഒരു വസന്ത കാലത്തിന്റെ ഓര്‍മകള്‍ക്ക് മുന്‍പില്‍ സൂക്ഷിക്കുന്നു).
നിര്‍ഭാഗ്യവശാല്‍ പണി പാളി.
.ഈ പെറുക്കല്‍ കാരണം ക്ലാസില്‍ താമസിചെത്തുന്ന കുട്ടികള്‍ എന്ന ഒരു ചീത്ത പേര് അവര്‍ക്ക് സഹിക്കേണ്ടി വന്നു.ശെരിക്കും പണി കിട്ടിയത് ട്യുഷന്‍ മാഷ്‌ ഈ താമസിചെത്തുന്നതിന്റെ  കാരണം അന്വേഷിച്ചു ഇറങ്ങിയപ്പോളാണ്.(കൂട്ടത്തില്‍ ആദ്ദേഹത്തിന്റെ പാവം ചൂരല്‍ വടിയും)..കൂടുതല്‍ പറയണ്ടല്ലോ.അടിയും കിട്ടി...പെറുക്കലും നിന്നു....അതിന്റെ വേദനയും ഓര്‍മകള്‍ക്ക് മുന്‍പില്‍ അവള്‍ സൂക്ഷിചിട്ടുണ്ട്.അടിയുടെ വേദന തല്ക്കാലം മറക്കാം...നോട്ടത്തിലേക്ക് വരാം.
     പാവം പെങ്കൊച്ച്  ഇപ്പോഴും  അതേ മയില്‍കുറ്റിയില്‍ അതെ നോട്ടവുമായ്‌...,അവന്‍ അവളെ നോക്കുകയേ ഇല്ല എന്ന വാശിയില്‍ ആണോ എന്ന് പോലും തോന്നിപ്പോയി ചിലപ്പോഴൊക്കെ  അവള്‍ക്കു.എങ്കിലും അവള്‍ക്കു ഒരു സംശയം... നോക്കുന്നുണ്ടോ അവന്‍,ഹേ ഇല്ല ..തോന്നിയതായിരിക്കും.ഇങ്ങനെ കയ്യാലപുറത്തെ തേങ്ങ പോലെ നോട്ടവും ആയി അവള്‍ ഇരിക്കുമ്പോള്‍ ആണ് ആ ഞെട്ടിക്കു സത്യം അവള്‍ അറിയുന്നത്...നമ്മുടെ അവന്‍ സ്കൂളിലെ സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പുറകെ വള്ളവും വലയും ആയി തുഴയുകയാണെന്ന്..ഇത് കേട്ടതും ആ തേങ്ങ (നോട്ടം)ഡിം!!!!! മറിഞ്ഞു വീണു.വീണ്ടും നിരാശ....ഇതൊക്കെ പറഞ്ഞാലും നോട്ടം വീണ്ടും വലിഞ്ഞു കയ്യാലപുറത്തു തന്നെ ഇരുന്നു..അതേ കയ്യാലപുറത്ത്.....പത്താം ക്ലാസ്‌ അവസാനിക്കാന്‍ പോകുന്നു,എല്ലാവരും വാശിയോടെ ഓട്ടോ ഗ്രാഫ് എഴുതുന്ന തിരക്കിലാണ്..അവനും എഴുതി അവളുടെ ഓട്ടോ ഗ്രാഫില്‍ ."a smiling face is better than a loving heart.all the best dear friend." വേറെ ഒരു വരിയും ഇന്നേവരെ അവള്‍ അത്രയും തവണ വായിച്ചിട്ടില്ല...മൈക്രോസ്കോപിക് പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ആ അക്ഷരങ്ങളെ അവള്‍ ഓരോ തവണയും...എവിടെങ്കിലും  ഒരു പ്രണയത്തിന്റെ അംശം ഉണ്ടോ ഉണ്ടോ എന്ന്.....അവിടെയും നിരാശ തന്നെ ഫലം.
     പത്താം ക്ലാസ്സ്‌ പരീക്ഷ കഴിഞ്ഞു ....റിസള്‍ട്ട്‌ വന്നു....ഇനി അടുത്ത ഘട്ടം..പ്ലസ്‌ ടു.....അതെ സ്കൂളില്‍ തന്നെ അഡ്മിഷന്‍ ...എല്ലാം പഴയത് പോലെ തന്നെ......പക്ഷെ അവള്‍ക്കു നോക്കാന്‍ അവന്‍ അവളുടെ ക്ലാസിന്റെ ഏഴയലത്ത്  പോലും ഉണ്ടായിരുന്നില്ല.....അതെ സ്കൂളില്‍ തന്നെ ഉണ്ട്..നോക്കാനുള്ള അവസരങ്ങള്‍ കുറഞ്ഞു.പിന്നെ അവസരങ്ങളെ ചാടി പിടിക്കാന്‍ അവള്‍ കാത്തിരുന്നു...കിട്ടിയ അവസരങ്ങള്‍ ഒക്കെ മുതലാക്കി..നായകന്‍ ഇപ്പോഴും ആ സുന്ദരിയുടെ പുറകെ തന്നെ.നായികയുടെ നോട്ടം നായകന്റെ പുറകെയും.അതിന്റെ  പുറകെ പ്ലസ്‌ ടു ക്ലാസുകളും കഴിഞ്ഞു...പരീക്ഷകളും  കഴിഞ്ഞു..റിസള്‍ട്ട്‌ വന്നു..
    ജീവിതത്തിലെ യു ടേണ്‍ എടുക്കാനുള്ള സമയമാണ് ഇനി....യു ടേണ്‍ എടുക്കാനുള്ള ലൈസെന്‍സ് (certificate)മേടിക്കാന്‍ അവളും കൂട്ടുകാരികളും അവസാനമായി സ്കൂളിലേക്ക് .എല്ലാം കഴിഞ്ഞു സ്കൂളിന്റെ പടി ഇറങ്ങുമ്പോള്‍ (പടി എന്ന് പറഞ്ഞത് വെറുതെ...അവളുടെ സ്കൂളിന് പടികള്‍ ഇല്ല കേട്ടോ)ദൂരെ ഒരു മരച്ചോട്ടില്‍ അവള്‍ വീണ്ടും അവനെ കണ്ടു .അവന്റെ മുന്‍പിലൂടെ കടന്നു പോകുമ്പോ ആരും അറിയാതെ അവള്‍ അവനെ ഒന്ന് കൂടെ നോക്കി ...ഡിം!!!!!!!! ...എന്താന്നോ ഈ ശബ്ദം...കയ്യാലപ്പുറത്തെ തേങ്ങയെ അവള് തന്നെ തള്ളി താഴെ ഇട്ടു.
   കാലം അവളെയും അവളുടെ സ്വപ്നങ്ങളെയും ട്രെയിന്‍ കയറ്റി വിട്ടു മറ്റൊരു ലോകത്തേക്ക്.അവിടെ നിന്ന് പുതിയ സ്വപ്നങ്ങളെയും താങ്ങി പിടിച്ചു അവള്‍ വിമാനവും കയറി...ഇപ്പൊ ഫേസ് ബുക്കില്‍  അവളുടെ ഫ്രണ്ട് ലിസ്റ്റില്‍ അവന്റെ ചിരിക്കുന്ന മോന്തായം കാണുമ്പോ എന്നോ അവള്‍ തള്ളി ഇട്ട ആ തേങ്ങ  ഓര്‍മകളില്‍ പൊങ്ങി വരാറുണ്ട്....അവള്‍ ആരും അറിയാതെ അവനെ നോക്കുന്നുണ്ടോ....... ഉണ്ടോ.................................................................................................................................
എന്താ അതും ആലോചിച്ചു ഇരിക്കുവാണോ ....അവള് നോക്കുവോ നോക്കാതിരിക്കുവോ  ചെയ്യട്ടെ...എന്റെ കഥ കഴിഞ്ഞു..............ഇതുപോലെ പറയാതെ പോയ അറിയാതെ പോയ ഒരു പാട് ഇഷ്ട്ടങ്ങള്‍ എല്ലാ ക്ലാസുമുറികളിലും നെടുവീര്‍പ്പിടുന്നുണ്ടാവണം .................നാട്യങ്ങളില്ലാത്ത ആ ഇഷ്ട്ടങ്ങള്‍ക്ക് മുന്‍പില്‍ ഒരു ചുവന്ന റോസാപുഷ്പം വച്ച് കൊണ്ട് അവസാനിപ്പിക്കുന്നു  എന്റെ ആദ്യ കഥ...............................